Shalini Malayalam love story.
സാഹചര്യസമർദ്ദം അവളെ ഒരുകൊലപാതകിയാക്കി.ശാലിനി എന്ന ഗ്രാമീണ പെൺകുട്ടിയും അവളെ ആത്മാർത്ഥമായി പ്രണയിച്ച മധുവിന്റെയും കഥ.
ശാലിനി
ഞാൻ അവനെയും കാത്തിരിക്കുമ്പോൾ ഏതാണ്ട് ഒമ്പതര മണിയോടെ അവൻ കേറി വരുന്നു. വന്നപാടെ സിറ്റൗട്ടിൽ സ്ലാബിൽ ഇരുന്നു.. താടിയും മുടിയും വല്ലാതെ നീണ്ട് അലങ്കോലമായികിടക്കുന്നു. മുഷിഞ്ഞ വസ്ത്രം കുളിച്ചിട്ട്തന്നെ ദിവസങ്ങളോളമായപോലെ..
"എന്താ കണ്ണാ എന്താ നിനക്ക് പറ്റി "?
അവൻ കുറച്ചു നേരം തല താഴ്ത്തിയിരുന്നു...
എന്നിട്ട് തലയുയർത്താതെ തന്നെ പറഞ്ഞു.
"ജയേട്ടാ.. ശാലിനി പോയി "
അത് കേട്ടതും എനിക്ക് വല്ലാതെ ഷോക്ക് ആയി.. ശാലിനി പോവേ.. എവിടേക്ക്.. ?
ഞാൻ കണ്ണന്റെ കയ്യിൽ അമർത്തിപിടിച്ചപ്പോൾ അവൻ നിറഞ്ഞകണ്ണുകളോടെ മുഖമുയർത്തി.
" പറയ് എവിടെക്കാ ശാലിനി പോയത് "?
അവളുടെ വീട്ടിലേക്ക് ജയേട്ടാ..
" ഓ അതിനാണോ നീ ഇത്ര വിഷമിക്കുന്നത്.. എത്രദിവസമായി പോയിട്ട്..?"
ഒരു മാസം കഴിഞ്ഞു ജയേട്ടാ.. ഇതങ്ങിനെ വെറുതെ പോയതല്ല.. കൂടെ അവനും ഉണ്ട്.. എല്ലാം ആ ചതിയന്റെ പണിയാ..
അതുപറയുമ്പോൾ കണ്ണന്റെ മുഖം കോപംകൊണ്ടു ചുവന്നു.
""ചതിയനോ.. ആര് ?"
രാജേന്ദ്രൻ.. എന്റെ പണിക്കുസഹായിയായി ഒരുത്തൻ ഉണ്ടായിരുന്നില്ലേ.. അവന്റെ.
"ഏത് അന്ന് കുളപ്പുള്ളിയിൽ നിന്റെകൂടെ കണ്ടില്ലേ അവനോ "?
ഉം.. അവൻ തന്നെ.. പലസ്ഥലത്തുനിന്നും എനിക്ക് കിട്ടാൻ ബാക്കിയുണ്ടായിരുന്ന തുക ലക്ഷത്തിൽ മേൽ വരും അത് മുഴുവൻ അടിച്ചുമാറ്റി.. അവൻ പലസ്ഥലങ്ങളിലും ഇത് പോലെ ചതിയും വഞ്ചനയുമായി നടക്കുന്നവനാ. പലസ്ത്രീകളെയും വശീകരിച്ചു വഞ്ചിട്ടുണ്ട്.. ഇതെല്ലാം ഞാനിപ്പൊഴാ അറിയുന്നത്. അവന്റെ വലയിൽ ശാലിനിയും കുടുങ്ങി. പലതവണ ഞാൻ അവളെപറഞ്ഞു മനസ്സിലാക്കിക്കാൻ നോക്കി അവൾ ഒന്നും വിശ്വസിക്കുന്നില്ല ഇനി അങ്ങോട്ട് വരരുത് എന്നാണവൾ പറഞ്ഞത്.. എന്റെ കുഞ്ഞിനെ കാണാൻ പോലും പറ്റാതായി... ഞാനെന്തു ചെയ്യും ജയേട്ടാ... ?
അവൻ വീണ്ടും തേങ്ങാൻ തുടങ്ങി.